കരുമാലൂർ: മാഞ്ഞാലി ഹൽവ എന്ന പേരിൽ പൊതുബ്രാൻഡ് വിപണിയിലിറക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചതായി മന്ത്രി പി. രാജീവ്. മാഞ്ഞാലി ഹൽവയുടെ വൈവിധ്യവത്കരണവും പുതിയ സാധ്യതകളും തേടി വിളിച്ചുചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് അധ്യക്ഷത വഹിച്ചു. ഹൽവ ഉത്പാദകർക്കായി ക്ലസ്റ്റർ രൂപീകരിച്ച് വിപണന സാധ്യത വർധിപ്പിക്കും. മാഞ്ഞാലി ഹൽവയുടെ വിപണന സാധ്യതകൾ വിപുലീകരിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായും ഫ്ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ വിതരണ കമ്പനികളുമായും ചർച്ച നടത്തും.
കുന്നുകരയിൽ നിർമാണം പൂർത്തിയാകുന്ന ഫുഡ് പാർക്ക് പ്രവർത്തനസജ്ജമാക്കുന്നതോടെ വിപണന സാധ്യതകൾ വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ്, വനിതാ വികസന കോർപറേഷൻ, പിന്നാക്ക വികസന കോർപറേഷൻ എന്നിവയുടെ വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സബ്സിഡികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.